WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Friday, 13 November 2020

ചാണകം - ചാരം മിശ്രിതം തയ്യാറാക്കുന്ന വിധം

 

ചാണകം - ചാരം മിശ്രിതം തയ്യാറാക്കുന്ന വിധം

            ചാണകം നല്ലപോലെ ഉണങ്ങാൻ അനുവദിക്കുക. ചാണകത്തിലെ ജലാംശം നഷ്ടപ്പെടുമ്പോൾ ഉണങ്ങിയ ചാണകപ്പൊടി ലഭിക്കും. ഉണങ്ങിയ ഇലകൾ കത്തിച്ച്‌  ചാരം (വെണ്ണീർ) ഉണ്ടാക്കാം.  ഉണങ്ങിയ ചാണകപ്പൊടി, ചാരം എന്നിവ 2 :1 എന്ന അനുപാതത്തിൽ എടുത്ത്‌ നല്ലവണ്ണം കലർത്തുക. ചാണകപ്പൊടി ചാരം മിശ്രിതം തയ്യാർ. ഇലകൾ കൂടുതൽ ഉണ്ടാകാൻ ചാണകപ്പൊടി ഇടുന്നതാണ്‌ നല്ലത്‌. എന്നാൽ ഇലകളും കായ്കളും നല്ലപോലെ ഉണ്ടാകണമെങ്കിൽ  ചാണകം ചാരം മിശ്രിതം ഇടുന്നതാണ്‌ ഉത്തമം. വിത്തുകൾ, തൈകൾ എന്നിവ നടുന്നതിനു മുമ്പ്‌ അടിവളമായി ചാണകം - ചാരം മിശ്രിതം ഇടണം. ചാരവും ചാണകപ്പൊടിയും ഏറ്റവും നല്ല അടിവളമാണ്‌.

Thursday, 12 November 2020

വട്ടയില വട്ടികൾ

 

  വട്ടയില വട്ടികൾ

വിത്തുകൾ പാകി മുളപ്പിച്ച് പിഴുതു നടുക    എന്നത് നാം സർവ്വസാധരണമായി സ്വീകരിച്ചു  വരുന്ന ഒരു രീതിയാണ്. ഇതിനായി പ്ലാസ്റ്റിക്ക് സീഡിങ് ട്രെ, ഒഴിഞ്ഞ പ്ലാസ്റ്റിക് കവർ, …..   എന്നിവ നാം ഉപയോഗിക്കാറുണ്ട്. പറമ്പിൽ നേരിട്ടു വിത്തുകൾ നട്ടും തൈകൾ തയ്യാറാക്കുക   പതിവാണ്. ഈ തൈകൾ പിഴുതു നടുന്ന  സമയത്ത്, സീഡിങ് ട്രെ, പ്ലാസ്റ്റിക് കവർ എന്നിവയിൽ  നിന്നും തൈകൾ ഇളക്കിയെടുക്കുമ്പേൾ പലപ്പോഴും അവയുടെ വേരിനും തണ്ടിനും  ക്ഷതം ഏല്ക്കാറുണ്ട്. ചിലപ്പോൾ തൈ പൂർണ്ണമായും നാശമാകുകയും ചെയ്യാം. പറമ്പിൽ മുളപ്പിച്ച തൈകൾ ഇളക്കിയെടുത്ത് നടുമ്പോഴും  ഇത്തരം പ്രശ്നം നേരിടേണ്ടി വരുന്നു.   ഇതൊഴിവാക്കാനുള്ള സൂത്രമിതാ.

നമുക്കു തയ്യാറാക്കാം വട്ടയില വട്ടികൾ

ഒരുവട്ടയില എടുത്ത് അതിനെ ഒരു   വട്ടിയുടെ (പാത്രത്തിന്റെ) ആകൃതിയിൽ മടക്കുക (കോട്ടുക). മടക്കുകൾ  നിവരാതെയിരിക്കുവാൻ ഈർക്കിൽ കഷ്ണങ്ങൾ  കുത്തിക്കൊടുക്കുക. ഇത്രയും ചെയ്താൽ വട്ടയില വട്ടിയൊന്ന് തയ്യാറായി. വർത്തമാന പത്ര താളുകൾ     ഉപയോഗിച്ചും വട്ടി നിർമ്മാണം നടത്താം.

         ഇത്തരം വട്ടികളിൽ മുക്കാൽ ഭാഗം വരെ ചാണകപ്പൊടി,  മേൽമണ്ണ്, മണൽ, ചകിരിച്ചോറ്‌ എന്നിവ 1:1:1:1 എന്ന  അനുപാതത്തിൽ കലർത്തിയ മിശ്രിതം എടുക്കുക. അതിൽ മുളപ്പിച്ചെടുക്കുവാനുള്ള   ഒരു    വിത്ത്  നടുക. വെള്ളം തളിച്ച് നേരിയ തോതിൽ നനയ്ക്കുക. ഇത്തരം വട്ടികൾ ഇളം വെയിൽ മാത്രം  കിട്ടുന്ന സ്ഥലത്ത് സൂക്ഷിക്കുക. വിത്ത് മുളച്ച്  നാലില പ്രായമാകുമ്പോൾ സ്ഥിരമായി  നടേണ്ട  സ്ഥലത്ത് കുഴിയെടുത്ത് അതിൽ  വട്ടയില    വട്ടിയടക്കം ചെടി നടണം. ചെടി വട്ടയില    വട്ടിയിൽ നിന്നും പറിച്ചു മാറ്റേണ്ടതില്ല. ഏതാനും ദിവസം കഴിയുമ്പോൾ   വട്ടയില   മണ്ണിൽ   പൊടിഞ്ഞു ചേർന്നുകൊള്ളും. ഈ ലളിതമായ സൂത്രം  ഉപയോഗിച്ചാൽ പറിച്ചു നടീൽ സമയത്ത്  ചെടികൾക്കുണ്ടാകുന്ന ക്ഷതവും അതുമൂലമുണ്ടാകുന്ന തൈകളുടെ നഷ്ടവും   വളരെ എളുപ്പത്തിൽ ഒഴിവാക്കാം.

എന്താ, ഒന്നു പരീക്ഷിക്കയല്ലേ കൂട്ടുകാരേ........................................................ .

സ്നേഹാശംസകളോടെ,

ശിവദാസ്‌ മാസ്റ്റർ പഴമ്പിള്ളി

 

Wednesday, 4 November 2020

ഏഴിലക്കഷായം

 കീടങ്ങളെ തുരത്താൻ ഏഴിലക്കഷായം

വിഷ രഹിതമായ പച്ചക്കറികൾ ലഭിക്കാനായി അല്പം കൃഷി ചെയ്യാം എന്നു വിചാരിച്ച് തൊടിയിൽ ലഭ്യമായ സ്ഥലത്ത് വെണ്ട, വഴുതിന പ്രാവൽ, പച്ചമുളക്, പയറ് , വെള്ളരി, കുമ്പളം, മത്തൻ.... എന്നിങ്ങനെ പലതും കൃഷി ചെയ്യുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. എന്നാൽ കൃഷി ചെയതു് ഏതാനും ദിവസം കഴിയുമ്പോഴേക്കും കീടങ്ങളുടെ ആക്രമണം തുടങ്ങിയിരിക്കും. ഒരാഴ്ചയ്ക്കുള്ളി ചെടിയാകെ നശിക്കും. വിഷമരുന്നുകൾ വാങ്ങിത്തളിച്ചാൽ കീടങ്ങൾ ഉടൻ ചാവും; അധികം കാലതാമസം ഇല്ലാതെ നമ്മളും.

കീടങ്ങളെ നശിപ്പിക്കാൻ വിഷം രഹിതമായ ഒരു കഷായ ചാർത്താണ് ചുവടെ ചേർത്തിരിക്കുന്നതു്.

കീടങ്ങളെ തുരത്താൻ ഏഴിലക്കഷായം

ആവശ്യമായ വസ്തുക്കൾ

        1. വേപ്പില  500 ഗ്രാം

        2. ഒരുവേരൻ (സമൂലം)   400 ഗ്രാം

        3. പപ്പായയുടെ ഇല  400 ഗ്രാം

        4. കൊന്നയില    400 ഗ്രാം

        5. കപ്പയില  400 ഗ്രാം

        6. കുരുമുളകിൻ്റെ ഇല  400 ഗ്രാം

        7. പുകയില  100 ഗ്രാം

ഒന്നു മുതൽ ആറു വരെ വസ്തുക്കൾ 5 ലിറ്റർ വെള്ളത്തിൽ  ഇട്ട്   നന്നായി  തിളപ്പിച്ചു  വറ്റിച്ച് 3 ലിറ്റർ ആക്കുന്നു. ഈ കഷായം നന്നായി തണുത്തതിനു  ശേഷം അടുത്ത ദിവസം അതിലെ ഇലകളുടെ     ഭാഗ ങ്ങളെല്ലാം കുറെ നേരം  നല്ല പോലെ തിരുമ്മി ഉടച്ച് കഷായത്തിൽ ചേർക്കുക. പിന്നീട് കഷാ യം അരിച്ചെടുത്ത് അതിലേക്ക് 100 ഗ്രാം പുക യില ചെറുതായി അരിഞ്ഞിട്ട് മൂന്നു നാലു ദിവ സം സൂക്ഷിക്കണം. നിശ്ചിത സമയം  കഴിഞ്ഞ് പിഴിഞ്ഞ് തുണിയിൽ അരിച്ചു കഷായ ലായ നി കടുത്ത  നിറമുള്ള കുപ്പികളിൽ അടച്ചു സൂക്ഷിക്കണം. മാസങ്ങളോളം കേടുകൂടാതെയിരിക്കും.

ഏഴിലക്കഷായം ഉപയോഗിക്കുന്ന വിധം

1. പച്ചക്കറികൾ, ചെറു ചെടികൾ    എന്നിവയിലെ കീടാക്രമണത്തെ തടയുവാൻ ഇലക്കഷായ ത്തിൽ നിന്നും  10 മില്ലി എടുത്ത്  1 ലിറ്റർ വെള്ളം   ചേർത്ത്    നേർപ്പിക്കുക.     നേർപ്പിച്ച ഇലക്ഷായം ചെടിയുടെ  ഇല,  തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ തളിച്ചു പിടിപ്പിക്കുക.    കീടങ്ങളെല്ലാം പമ്പ കടക്കും. തുടർന്നുള്ള ആക്രമണവും നന്നേ കുറവായിരിക്കും.

2. വാഴ മുതലായ വലിയ സസ്യങ്ങളിൽ തളിക്കുന്നതിന് ഗാഢത അല്പം കൂടുതൽ   വേണം. അതിനാൽ 15മില്ലി കഷായത്തിലേക്ക്  1ലിറ്റർ വെള്ളമാണ്  ചേർക്കുന്നതു്.   വാഴയുടെ എല്ലാ ഭാഗങ്ങളിലും പതിക്കുന്ന വിധം തളിക്കണം.    

 ആരോഗ്യപരമായ മുന്നറിയിപ്പ്‌        

1. നാം തയ്യാറാക്കിയ ഇലക്കഷായം തളിച്ച ചെടി കളിൽ നിന്നും എട്ടു പത്തു ദിവസത്തേക്ക് വിള വെടുക്കുകയോ ഭക്ഷിക്കുകയോ    ചെയ്യരുത്. നിശ്ചിത  സമയത്തിനു  ശേഷം   വിളവെടുത്ത് ധാരാളം വെള്ളത്തിൽ ആവർത്തിച്ച്    കഴുകി മാത്രം പാചകം ചെയ്യുക, ഭക്ഷിക്കുക.

2. ബാക്കിയുള്ള ഇലക്കഷായം ഭാവിയിലെ ഉപയോഗത്തിനായി അടച്ചു സൂക്ഷിക്കുക.(കട്ടികൾക്ക്          എടുക്കാൻ   പറ്റാത്ത സ്ഥലങ്ങളിൽ വേണം സൂക്ഷിക്കുന്നത്.)

സ്നേഹാശംസകളോടെ, ശിവദാസ് മാസ്റ്റർ പഴമ്പിള്ളി