WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Saturday, 14 June 2014

MY TEACHERS ( Article by Pazhampilly Sivadas Master)


MY TEACHERS

(Article by Pazhampilly Sivadas Master)

എന്റെ ഗുരുനാഥന്മാർ
ലേഖന രചന പഴമ്പിള്ളി ശിവദാസ് മാസ്റ്റാർ   
 
 
 
എന്റെ ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു: “എനിക്കും എന്റെ അച്ഛനും ഒരേ വയസ്സാണ്‌. മാത്രമല്ല എന്റെ അമ്മക്കും എനിക്കും ഒരേ വയസ്സാണ്‌.” 

ഞാൻ ചോദിച്ചു: “അതെങ്ങനെ?” 

          രസികനായ സുഹൃത്ത് പറഞ്ഞതിങ്ങനെയാണ്‌: “ഞാൻ ജനിച്ചപ്പോഴാണ്‌ എന്റെ അച്ഛൻ അച്ഛനായതും അമ്മ അമ്മയായതും. അങ്ങനെ ഞങ്ങൾ സമപ്രായക്കാരാണ്‌.”   

          കൊള്ളാം അദ്ദേഹത്തിന്റെ യുക്തി. ഇത് വിരൽ ചൂണ്ടുന്നത് എങ്ങോട്ടാണ്‌? വേണമെങ്കിൽ ഇങ്ങനെയും പറയാം - മക്കളാണ്‌ മാതാപിതാക്കളെ സൃഷ്ടിക്കുന്നത്. 

          ഇത്രയും പറഞ്ഞത് ശിഷ്യനുണ്ടെങ്കിൽ മാത്രമേ ഗുരുവുള്ളു എന്ന് സമർത്ഥിക്കാനാണ്‌. അതായത് ശിഷ്യന്മാരാണ്‌ ഒരു ഗുരുവിന്റെ പ്രധാന സമ്പത്ത്. ഗുരു ജീവിക്കുന്നത്, വളരുന്നത് അദ്ദേഹത്തിന്റെ ശിഷ്യരിൽ കൂടിയാണ്‌. ഇവിടെ ഒരു കാര്യം മറക്കരുത് - ഏതൊരു ഗുരുവും ഒരു ശിഷ്യൻ കൂടിയാണ്‌ എന്ന കാര്യം. ആദിയിൽ നിന്നും തുടങ്ങി അനന്തമായി നീളുന്ന ഗുരു - ശിഷ്യ ശ്രേണി. അന്ധകാരത്തെ രോധിക്കുന്നവനാണ്‌ ഗുരു. അദ്ദേഹം അജ്ഞാനത്തിന്റെ അന്ധകാരം ശിഷ്യരുടെ മനസ്സിൽ നിന്നും മാറ്റി ആ സ്ഥാനത്ത് വിജ്ഞാനത്തിന്റെ ദിവ്യ വെളിച്ചം പ്രതിഷ്ഠിക്കുന്നു. ആ ദിവ്യ വെളിച്ചം കെടാതെ കാത്തു സംരക്ഷിക്കേണ്ടത് ശിഷ്യർ തന്നെയാണ്‌. 

          ഒരോ വ്യക്തിയുടെയും ജീവിതത്തിൽ അനേകം ഗുരുക്കന്മാർ സ്വാധീനം ചെലുത്തിയിരിക്കും. അവരുടെ ആ സ്വാധീനമാണ്‌ ശിഷ്യരുടെ ജീവിത വിജയത്തിന്റെ കൈമുതൽ അഥവാ ആദ്യ മുടക്കുമുതൽ. ഇവിടെ ലേഖന കർത്താവ് തന്റെ ജീവിതത്തെ സ്വാധീനിച്ച വന്ദ്യ ഗുരുക്കന്മാരെയും അവരുടെ സേവനങ്ങളെയും അനുസ്മരിക്കുന്നു.  

ശ്രീ വി. ആർ. കൃഷ്ണൻകുട്ടി മേനോൻ മാസ്റ്റർ 

          എന്റെ പ്രൈമറി വിദ്യാഭ്യാസ കാലഘട്ടത്തിലെ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീ വി. ആർ. കൃഷ്ണൻകുട്ടി മേനോൻ മാസ്റ്റർ. അന്നൊക്കെ ഞങ്ങൾ ‘ഹെഡ്മാസ്റ്റർ’ എന്നു പറയാറില്ല. ‘ഏഡ്മാഷ്‌’ ആണ്‌ ഞങ്ങൾക്ക് ഇഷ്ടം. ‘ മാസ്റ്ററേ’ എന്ന വിളിയേക്കാൾ സ്നേഹം തുളുമ്പുന്നതല്ലേ ‘ മാഷേ’ എന്ന നമ്മുടെ തനി നാടൻ പ്രയോഗം? (തുടരും)

ശ്രീമതി കത്രീന ടീച്ചർ 

          രണ്ട്, മൂന്ന് ക്ളാസ്സുകകളിൽ പഠിക്കുന്ന അവസരത്തിൽ എന്റെ ക്ലാസ്സ് ടീച്ചറായിരുന്നു ശ്രീമതി കത്രീന ടീച്ചർ. എന്റെ അമ്മയുടെ സുഹൃത്തും ഞങ്ങളുടെ അയൽവാസിയും കൂടിയായിരുന്നു ടീച്ചർ. ധാരാളം കഥകൾ പറഞ്ഞു തരുന്ന, കുട്ടികളോട് സ്നേഹത്തോടെ പെരുമാറുന്ന ടീച്ചറെ ഞങ്ങൾക്കെന്നും വലിയ കാര്യമായിരു ന്നു. (ടീച്ചറുടെ മൂത്തമകൻ പോൾ ടി. വർഗ്ഗീസ്സിന്റെ മക്കളായ നൈസ് പോൾ, ഗ്രെയ്സ് പോൾ എന്നിവർക്ക് പത്താം ക്ലാസ്സ് വരെ റ്റ്യൂഷൻ എടുക്കാനും ടി. ടി. സി. പഠനവേളയിൽ അവരുടെ അദ്ധ്യാപകനും പ്രിൻസിപ്പലും ആകാനും എനിക്കു സാധിച്ചു.) എന്റെ ബന്ധുക്കൾ, സുഹൃത്തുക്കൾ, ശിഷ്യർ എന്നിവരിൽ ആരെയെങ്കിലും കാണാനിടയായാൽ ടീച്ചർ പറയുമായിരുന്നു: “എന്റെ കുട്ട്യാ, ഞാൻ പഠിപ്പിച്ച കുട്ട്യാ ശിവദാസ്‌” അതു കേൾക്കുമ്പോൾ അന്നത്തെ ആറു വയസ്സു പ്രായമുള്ള പയ്യനായി മാറുമായിരുന്നു ഞാൻ മനസ്സുകൊണ്ട്. (തുടരും)

 ശ്രീ ഇ. വി. രാവുണ്ണി മാസ്റ്റർ 

          മണ്ണംപേട്ട എ. യു. പി. സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ നാലാം ക്ളാസ്സിലെ ക്ലാസ്സ് ടിച്ചർ ശ്രീ ഇ.വി. രാവുണ്ണി മാസ്റ്റർ ആയിരുന്നു. ഞങ്ങളുടെ കുടുംബ സുഹൃത്തും അയല്ക്കാരനുമായിരുന്നു അദ്ദേഹം.

          രാവുണ്ണി മാസ്റ്ററുടെ അച്ഛൻ എടശ്ശേരി വേലായുധച്ചോന്‌ (1960-70 കാലഘട്ടത്തിൽ പേരിനൊപ്പം ജാതിചേർത്തു പറയുമായിരുന്നു. ജാതി പ്പേരു ചേർക്കാതെ പറയുന്നതു കേൾക്കുമ്പോൾ എന്തോ ഒരു അപാകത തോന്നുമായിരുന്നു. ദേവസ്സിമാപ്പിള, അഹമ്മദ് സായ് വ്, കിട്ടുണ്ണി ആശാരി,  ആര്യൻ നമ്പൂരി, കണ്ടൻ പറയൻ, കണക്കൻ ശങ്കരൻ, വേലായുധക്കരുവാൻ, മാധവൻ നായര്‌ എന്നൊക്കെ ആയിരുന്നു അന്നു പറഞ്ഞിരുന്നത്,) ധാരാളം ഭൂസ്വത്ത് ഉണ്ടായിരുന്നു. ഞങ്ങളുടെ അടുത്ത പുരയിടം അദ്ദേഹത്തിന്റേതാണ്‌. ആ പറമ്പിലെ ധാരാളം കശുമാവുകൾ ഞങ്ങളുടെ പറമ്പിലേക്ക് ചാഞ്ഞു വളർന്നിരുന്നു. അവയിൽ നിന്നും ഞങ്ങളുടെ പറമ്പിലേക്ക് വീഴുന്ന കശുമാങ്ങയും കശുവണ്ടിയും ഞാനും ചേട്ടന്മാരും കൂട്ടുകാരും പെറുക്കിയെടുക്കാറുണ്ടായിരുന്നു. വേലായുധച്ചോൻ കണ്ടാൽ ഞങ്ങളുടെ കയ്യിൽ നിന്നും കശുവണ്ടിയെല്ലാം പിടിച്ചു വാങ്ങുകയും ഞങ്ങളെ വഴക്കു പറഞ്ഞ് ഓടിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ രാവുണ്ണി മാഷാണ്‌ കണ്ടു വരുന്നതെങ്കിൽ ഞങ്ങളെ വഴക്കു പറയാറില്ല, അണ്ടിയൊന്നും പിടിച്ചെടുക്കാറുമില്ല. കപ്പലണ്ടി വാങ്ങാനാണ്‌ ഞങ്ങൾ അണ്ടി പെറുക്കുന്നത്. ഒരു അണ്ടിക്ക് വറുത്ത രണ്ടു കപ്പലണ്ടി കിട്ടും.  (അക്കാലത്ത് തോടുള്ള കപ്പലണ്ടിയാണ്‌ വാങ്ങാൻ കിട്ടുക. ഇന്നത്തെപ്പോലെ തോടുകളഞ്ഞ കപ്പലണ്ടി അന്നു ലഭ്യ മല്ലായിരുന്നു.)  (തുടരും)

ശ്രീ ഇ. കെ. കുഞ്ഞിക്കണ്ട മാസ്റ്റർ. 

           എ. യു. പി. സ്കൂളിൽ പഠിക്കുന്ന കാലത്ത് അഞ്ച്, ആറ്‌, ഏഴ്‌ ക്ലാസ്സുകളിൽ സാമൂഹ്യപാഠങ്ങൾ പഠിപ്പിച്ചിരുന്നത് ശ്രീ ഇ. കെ. കുഞ്ഞിക്കണ്ട മാസ്റ്റർ ആണ്‌. അദ്ദേഹവും എന്റെ അച്ഛന്റെ നല്ല സുഹൃത്തായിരുന്നു. (തുടരും)

          അക്കാലത്ത് എന്റെ അച്ഛൻ നാരായണൻ നായർ ഒരു ചായക്കട നടത്തിയിരുന്നു. അച്ഛനാണ്‌ വിദ്യാലയത്തിൽ രാവിലെ പതിനൊന്നരയ്ക്കും ഉച്ചതിരിഞ്ഞ് മൂന്നു മണിക്കും അദ്ധ്യാപകർക്ക് ചായയും ഉച്ചക്ക് ഭക്ഷണവും നല്കിയിരിന്നത്. അങ്ങനെയാണ്‌ അച്ഛൻ എല്ലാ അദ്ധ്യാപകരുടെയും സുഹൃത്തായി മാറിയത്. നാരായണൻ നായരുടെ മകനായതിനാൽ എല്ലാ അദ്ധ്യാപകരും എന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നു വേണം കരുതാൻ. അക്കാലത്തെ പല സംഭവങ്ങളും ഇന്ന് ഓർത്തു നോക്കുമ്പോൾ എന്റെ ഈ നിഗമനം കൂടുതൽ ബലവത്താകുന്നു.

റോസിലി ടീച്ചറും എന്റെ പേരുമാറ്റവും 

          ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സദ്ധ്യാപിക റോസിലി ടീച്ചർ ആയിരുന്നി. ( 2 റോസിലി ടീച്ചർമാർ ഉണ്ടായിരുന്നു അന്ന് വിദ്യാലയത്തിൽ. ഒന്ന് ഞങ്ങളുടെ അയല്ക്കാരിയാണ്‌. കുറച്ചകലെയുള്ള ഏതോ സ്ഥലത്തു നിന്നാണ്‌ ഞങ്ങളുടെ ഒന്നാം ക്ലാസ്സ് അദ്ധ്യാപികയായ റോസിലി ടീച്ചർ വന്നിരുന്നത്.) ഈ ടീച്ചർ കാരണം എന്റെ പേരിന്‌ അല്പം മാറ്റം വരുത്തേണ്ടി വന്നു. ആരംഭത്തിൽ എന്റെ പേര്‌ ‘ശിവദാസ’ എന്നായിരുന്നു. ഒന്നാം ക്ലാസ്സിലുണ്ടായ ഒരു പ്രശ്നത്തെ തുടർന്ന് ഞങ്ങളുടെ പ്രധാന അദ്ധ്യാപകൻ ശ്രീ വി. ആർ. കൃഷ്ണൻകുട്ടി മേനോൻ മാസ്റ്റർ എന്റെ പേര്‌  ’ശിവദാസ് ‘ എന്നാക്കി മാറ്റുകയാണുണ്ടായത്. രസകരമായ ആ കഥ നമുക്കൊന്ന് അയവിറക്കാം. (തുടരും)

ശ്രീമതി പാറുകുട്ടിഅമ്മ ടീച്ചർ  

          മണ്ണംപേട്ട എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലെ പാട്ടുടീച്ചറായിരുന്നു ശ്രീമതി പാറുകുട്ടി അമ്മ ടീച്ചർ. ഞങ്ങൾ പഠിക്കുന്ന കാലത്ത് പെൺകുട്ടികളെ മാത്രമെ പാട്ടു പഠിപ്പിച്ചിരുന്നുള്ളു.ആൺകുട്ടികളെ കളിക്കാൻ വിടും. ഒരിക്കൽ ഞാൻ “ആൺ കുട്ടികളെയും പാട്ടു പഠിപ്പിച്ചുകൂടെ?” എന്ന് ചോദിച്ചതായി ഓർക്കുന്നു. ശ്രീമതി പാറുകുട്ടി അമ്മ ടീച്ചറുടെ ഒരു കാൽ അസുഖത്തെ തുടർന്ന് മുറിച്ചുമാറ്റിയിരുന്നു. കൃത്രിമക്കാൽ വെച്ചാണ്‌ ടീച്ചർ സ്കൂളിൽ വന്നിരുന്നത്. പാറുക്കുട്ടി അമ്മ ടീച്ചർ നൃത്തം പഠിപ്പിച്ചു യുവജനോത്സവത്തിൽ മത്സരങ്ങൾക്കയച്ച കുട്ടികൾ സമ്മാനങ്ങളുമായി എത്തുക നിത്യ സംഭവമായിരുന്നു. ടീച്ചറുടെ മകനും എന്റെ സഹപാഠിയുമായ ഡോക്ടർ ഉണ്ണികൃഷ്ണൻ അമ്മയുടെ പാത പിന്തുടർന്ന് സംഗീതലോകത്ത് വിഹരിക്കുന്നു. ഇന്ന് അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തിയുള്ള സംഗീതജ്ഞനും ഗവേഷകനുമാണ്‌. (തുടരും)

ശ്രീ മഠത്തിൽ രാമൻ മേനോൻ മാസ്റ്റർ

          മണ്ണംപേട്ട എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലെ അഞ്ച്, ആറ്‌, ഏഴ് ക്ളാസ്സുകളിൽ എന്റെ അദ്ധ്യാപ കനായിരുന്നു ശ്രീ രാമൻ മേനോൻ മാസ്റ്റർ.  

          ഒരിക്കൽ മണ്ണംപേട്ട പള്ളിയിലെ തിരുനാളി (പെരുന്നാളി) ന്‌ ഇരുപത് പൈസ കൊടുത്ത് ഞാനൊരു കളിത്തോക്ക് വാങ്ങിരുന്നു. അന്നത്തെ ആ തോക്കിന്‌ തോക്കിന്റെ ആകൃതിയൊന്നും ഇല്ലായിരുന്നു. പരന്ന ഒരു ലോഹക്കഷ്ണം. അതിൽ ‘കേപ്പ്’ വെച്ച് പൊട്ടിക്കാൻ സാധിക്കും. പെരുനാളിനുശേഷം ക്ളാസ്സിൽ എത്തിയ എന്റെ പോക്കറ്റിൽ ആ തൊക്കുമുണ്ടായിരുന്നു. ഏകദേശം  പന്ത്രണ്ടുമണിയായിക്കാണും. രാമൻ മേനോൻ മാഷ് ക്ളാസ്സിലുണ്ട്. ആദ്ദേഹം എന്തോ എഴുതുന്നു, ഞങ്ങൾ കുട്ടികൾ ശബ്ദമില്ലാതെ വായിക്കുന്നു. എന്റെ അടുത്തിരിക്കുന്ന കൂട്ടുകാരൻ വേലായുധൻ എന്റെ പോക്കറ്റിൽ നിന്നും തോക്കെടുത്ത് അതിൽ കേപ്പു വെച്ച് ഒരു പൊട്ടിക്കൽ. ക്ലാസ്സിലെ, അല്ല സ്കൂളിലെ തന്നെ അന്തരീക്ഷത്തെ കീറിമുറിച്ച് ആ ശബ്ദം! ആ വെടിയൊച്ച! അന്തരീക്ഷം നിശ്ശബ്ദമായി. എല്ലാ ക്ലാസ്സിലേയും പഠനപ്രവർത്തന ശബ്ദം നിലച്ചു. പ്രധാന അദ്ധ്യാപകൻ തൊട്ടടുത്ത ഓഫീസുമുറിയിൽ നിന്നും ഓടിവന്നു. അന്വേഷണമായി. ഇതിടനിയിൽ കൂട്ടുകാരൻ തോക്ക് എന്റെ പോക്കറ്റിൽ നിക്ഷേപിച്ചിരുന്നു. എന്റെ കീശയിൽ നിന്നും തോക്ക് കണ്ടെടുക്കപ്പെട്ടു, ഞാൻ പിടിക്കപ്പെട്ടു, രാമൻ മേനോൻ മാസ്റ്ററും, പ്രധാന അദ്ദ്യാപകനും കൂടി എന്നെ ഓഫീസിലേക്ക് കൊണ്ടുപൊയി. ഞാൻ പേടിച്ചു വിറച്ചു.           “ ഇവൻ നാരായണൻ നായരുടെ മകനല്ലേ?” പ്രധാന അദ്ധ്യാപകന്റെ ചോദ്യം.

          “ അതെ ശിവദാസ് എന്നാ പേര്‌. ഏറ്റവും ഇളയ മകനാ” രാമൻ മേനോൻ മാസ്റ്ററുടെ മറുപടി. 

          “ ശരി, ക്ളാസ്സിലേക്കു പോയ്ക്കോ. ഉച്ചക്ക് ഞാൻ അച്ഛനെ കാണട്ടെ, ശരിയാക്കിത്തരാം നിന്റെ           കുറുമ്പ്.”  

          “ ഇവൻ കുറുമ്പനൊന്നുമല്ല, നല്ലവണ്ണം പഠിക്കും, ഇന്നെന്തു പറ്റി എന്നറിയില്ല.” രാമൻ മേനോൻ മാസ്റ്റർ.           രാമൻ മേനോൻ മാസ്റ്റർ എന്റെ രക്ഷക്കെത്തി.  ഞാൻ ക്ലാസ്സിലേക്ക് പോയി, പേടിയോടെ. 

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ കടയിലെത്തിയ അദ്ധ്യാപകർ ചിരിച്ചുകൊണ്ട് അച്ഛനോട് വിവരം പറയുന്നത് ഞാൻ പലഹാര അലമാരിയുടെ പുറകിൽ നിന്നു കേട്ടു. അപ്പോഴാണ്‌ എന്റെ ശ്വാസം നേരെ ആയത്.  പേടിക്കാനില്ല, ചിരിച്ചാണല്ലൊ അവർ സംസാരിക്കുന്നത്, കാര്യം അത്ര ഗൗരവത്തിൽ എടുത്തിട്ടില്ല എന്ന് എനിക്ക മനസ്സിലായി. അന്ന് നാലു മണിക്ക് ക്ലാസ്സിൽ നിന്നും എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. വേലായുധൻ പ്രത്യേകം പറഞ്ഞു, അവന്റെ പേരു പറയരുതെന്ന്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഓഫീസിൽ ചെന്ന എനിക്ക് തോക്ക് തിരികെ നല്കി.

          പ്രധാന അദ്ധ്യാപകൻ പറഞ്ഞു, “ കളിപ്പാട്ടങ്ങളൊക്കെ വീട്ടിൽ വച്ചാൽ മതി. സ്കൂളിൽ കൊണ്ടു വരരുത്, കേട്ടോ. ”

ഞാനൊന്നു മൂളി.  

“ശരി പോയ്ക്കോ. 

പോകാനൊരുമ്പെട്ട എന്നെ രാമൻ മേനോൻ മാസ്റ്റർ അരികിൽ വിളിച്ച് എന്റെ കീശയിൽ രണ്ടു ചേറിയ ചോക്കിൻ കഷ്ണങ്ങൾ ഇട്ടു തന്നു. “ നല്ലോണം പഠിക്കണം, മിടുക്കനാകണം,” മാസ്റ്റർ ഉപദേശിച്ചു. ഞാൻ തലകുലുക്കി.  

          എന്നെയും എന്റെ മാതാപിതാക്കളെയും അദ്ധ്യാകപകർക്ക് അറിയാമെന്നും അവർ എന്നെ ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്ക് ഈ സംഭവത്തോടെ മനസ്സിലായി. ഞാൻ പഠനത്തിലും പെരുമാറ്റത്തിലും കൂടുതൽ ശ്രദ്ധിക്കാനും തുടങ്ങി. (തുടരും)

ശ്രീ മഠത്തിൽ ഉണ്ണി മേനോൻ മാസ്റ്റർ
          അഞ്ച്,
ആറ്‌, ഏഴ് ക്ളാസ്സുകളിൽ എന്റെ അദ്ധ്യാപകനായിരുന്നു ശ്രീ മഠത്തിൽ ഉണ്ണി മേനോൻ മാസ്റ്റർ. (തുടരും)

ശ്രീ ഔസേഫ് മാസ്റ്റർ

          മണ്ണംപേട്ട സ്കൂളിലെ അദ്ധ്യാപകനും ഞങ്ങളുടെ അയൽവാസിയും കുടുംബസുഹൃത്തും ആയിരുന്നു കുന്ന ത്തു പറമ്പിൽ ഔസേഫുമാസ്റ്റർ. വളരെ ശാന്തശീലനായിരുന്നു മാസ്റ്റർ. (തുടരും)

ശ്രീ ഉണ്ണികൃഷ്ണൻ വാര്യർ മാസ്റ്റർ
          മണ്ണംപേട്ട സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു ശ്രീ ഉണ്ണികൃഷ്ണൻ വാര്യർ മാസ്റ്റർ. ഞങ്ങളുടെ‘വാര്യര്‌ മാഷ്` ആയിരുന്നു അദ്ദേഹം. വളരെ സാവകാശം, വളരെ ശബ്ദം കുറച്ച്, മിതമായി മാത്രം സംസാരിക്കുന്ന ശീലക്കാരനാണ്‌ ‘വാര്യര്‌ മാഷ് `.(തുടരും)

         

തുടർന്നു വായിക്കാൻ ഇവിടെ ക്ളിക് ചെയ്യുക.

No comments:

Post a Comment