WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Thursday, 24 November 2016

ഞങ്ങളും നോട്ടാ …(NOTA) (BY SIVADAS MASTER PAZHAMPILLY)



15 - 45


ഞങ്ങളും നോട്ടാ (NOTA)

            ഒന്നാം തിയ്യതി തന്നെ പെൻഷൻ വാങ്ങിക്കണം എന്ന നിർബന്ധം പണം വാങ്ങി കൈവശം വെക്കാനുള്ള അത്യാർത്ഥിയായി കരുതേണ്ട.അന്നാണ്‌ കൂടുതൽ സുഹൃത്തുക്കൾ ട്രഷറിയിൽ എത്തുക. അവരുമായി ഗതകാല ഗർവ്വുകൾ പങ്കുവെക്കാം, പുതുമയെ പഴിക്കാം. ഇതെല്ലാം ഇത്തവണയും നടന്നു. എന്നാലത് എട്ടിന്റെ പണിയാവുമെന്ന ചിന്ത എട്ടയലത്തു പോലുമുണ്ടായിരുന്നില്ല. പെൻഷനുകൾ മുമ്പെയാണല്ലോ തരുന്നത്. ആ കാശ് കയ്യിലിരുന്നാൽ അതൊരു കരുത്താണ്‌; അരിക്കടയിലും മരുന്നു പെട്ടിയിലും ആവർത്തന നിക്ഷേപമായി ചെല്ലേണ്ട ചെമ്പാണത്. എന്നാലീ ഒന്നാം തിയ്യതി ഇറങ്ങിയപ്പോൾ തന്നെ ശകുനം ദുആയിരുന്നെന്നാ തോന്നുന്നെ.

മാളിക മുകളേറിയ മന്നന്റെ...

            മണി കയ്യിലുള്ളപ്പോൾ അതിന്റെ കിലുക്കം മനസ്സിൽ മന്ദാരപ്പൂക്കൾ വിരിയിക്കുമായിരുന്നു. എന്നാലിപ്പോൾ സഹസ്രനും അർദ്ധ സഹസ്രനും മണ്ണിൽ പതിച്ചപ്പോൾ മാറാപ്പു ചമക്കാനായി ഗതി, ചുമ മരുന്നു തീർന്നതിനാൽ ചുമക്ക്യാം ചുമച്ചുകോണ്ടേയിരിക്കാം. സഹസ്രനേയും അർദ്ധ സഹസ്രനേയും അന്ത്യാഞ്ജലികൾ അർപ്പിച്ച് സംസ്കാര ചടങ്ങുകൾക്കായുള്ള നേട്ടോട്ടം തുടരുന്നു.. (ഒരു പക്ഷമായി)

ഇപ്പോഴത്തെ ദിനചര്യ ...

            പുലർച്ച മൂന്നര മണിക്ക് ഉണരുക, പ്രാഥമിക ആവശ്യങ്ങൾ, നടത്തം, യോഗ എന്നിവ പേരിനുമാത്രം. കിട്ടിയാലൊരു കട്ടൻ, തുടർന്നൊരു കാക്കക്കുളി. പിന്നെയൊരു ഓട്ടമാണ്‌, ബാങ്കിലേക്ക്. ഓട്ടത്തിനിടയിൽ ചങ്ങാതിയെയും കൂട്ടാമെന്നു കരുതി വിളിച്ചപ്പോൾ, മറുപടി: നിങ്ങൾ ക്യൂവിലാണ്‌ , സൗകര്യമുള്ളപ്പോൾ എപ്പോഴെങ്കിലും വിളിക്കൂ; ബാങ്കിലെ ക്യൂവിന്റെ കാര്യം മറക്കേണ്ട ഓടിക്കോളൂ

ഇതെന്തിന്റെ ക്യുവാ...?

            സമയം രാവിലെ 6-15. ഓട്ടത്തിനിടയിൽ ജന വരികളുടെ രണ്ടറ്റങ്ങൾ...കണ്ണിൽ  പെട്ടത് പ്രശ്നമായി. ഇവ ഏതൊക്കെ ബാങ്കിലേക്കാണാവോ? ആത്മഗതം അല്പം ഉച്ചത്തിലായിപ്പോയോ എന്തോ? ഉത്തരം ഉടനെ വന്നു: ഒന്നു ബീവ്രേജസ്സിലേക്കും മറ്റൊന്നു ബാങ്കിലേക്കും, കയറിക്കോ. അറ്റം കാണാൻ യോഗമുണ്ടെങ്കിൽ അവിടെത്തുമ്പോൾ നമുക്കഡ്ജസ്റ്റ് ചെയ്യാം.

സമയം 15 - 45 .

            മുന്നിൽ ഇനിയും 60-70 പേരുണ്ട്, ഓരോവരിയിലും.

സാറേ..... സാറൊന്നു എന്റെ വരിയിൽ നിക്കോ? ഞാനാണവിടെ നില്ക്കേണ്ടത്. സാറു നില്ക്കുന്നത് ബീവറേജസ്സിലേക്കുള്ള വരിയിലാ...

വരികൾ പരസ്പരം മാറി. അപ്പോഴേക്കും സന്ദേശങ്ങൾ വായകൾ വഴി വായു മാർഗ്ഗം എത്തി

രണ്ടായിരമേ മാറിത്തരൂ. അതും രണ്ടായിരത്തിന്റെ നോട്ടാ.

എന്തെങ്കിലും ആകട്ടെ. പുത്തൻ ഒരെണ്ണം കിട്ടുമല്ലോ. സന്തോഷം അണപൊട്ടി. കണ്ണുകൾ കവിഞ്ഞൊഴുകി.. കാഴ്ച അവ്യക്തമായി. പെട്ടന്നതാ എല്ലവരും വരിയിൽ നിന്നും പിരിയുന്നതുപോലെ ഒരു തോനൽ. കാതിൽ അലച്ച ശബ്ദവീചികൾ കാശു തീർന്നു, ഇനി നാളെ വന്നാൽ മതി.

ആ വാക്കുകൾ ഒരു പാസ്സ്വേഡ്  ആയിരുന്നോ? തലച്ചോർ അതിനനുസരിച്ച് നിർദ്ദേശങ്ങൾ നല്കിയോ? കാലുകൾ മിന്നൽ പണിമുടക്ക് ആരംഭിക്കോ? ഒന്നു ഓർക്കാൻ കഴിയുന്നില്ല....

വായുവിലൂടെ സഞ്ചരിക്കുന്ന അവസ്ഥ...

മുഖത്തൊരു ചറ്റൽ മഴ...

കാതുകൾ പ്രവർത്തനം തുടങ്ങിയെന്നു തോന്നുന്നു...

പഴയ നോട്ടുകൾ ആശുപത്രിയിൽ വേണ്ടത്രേ.... നമുക്ക് സാറിനെ വീട്ടിൽ കൊണ്ടാക്കാം.

ബീവറേജസ്സ് വരിയിലെ സമീപവരിയന്മാർ താങ്ങി വീട്ടിലേക്ക് നടക്കുമ്പോൽ നല്ലവരായ നാട്ടുകാരുടെ നാക്കുകൾ വളഞ്ഞു: സാറിതും തുടങ്ങിയോ?“

.   .   .   .   .   .   .   .   .   .

വീട്ടിലെത്തിയപ്പോൾ വാമഭാഗത്തിന്റെ വചനം:

പഴയ നോട്ടുകൾ ഷാപ്പിലെടുക്കും അല്ലേ?“

നല്ലവരായ രജിസ്റ്റേർഡ് കുടിയന്മാരെ നന്ദിപൂർവ്വം കടാക്ഷിച്ച് ഞാൻ കണ്ണുകളും കാതുകളും കടച്ചു, ഇന്നിവ ഇനി പ്രവർത്തിച്ചാൽ അപകടം!

അപ്പോഴും അർദ്ധ സഹസ്രന്മാർ പത്തുപേർ പോക്കറ്റിൽ കിടന്നു വിലപിക്കുന്നുണ്ടായിരുന്നു.

നമ്മളിപ്പോൾ തിരഞ്ഞെടുപ്പിലെ നോട്ടാ. അസാധു.

(NOTA - None Of The Above). ഞങ്ങൾ ആർക്കും മുകളിലല്ല. ഞങ്ങൾക്കു മുകളിൽ ഏതു പരുന്തിനും പറക്കാം“

ഇനി നമ്മളെ ആർക്കു വേണം?.....  ങാ... സാറിന്റെ കൊച്ചുമോനു വഞ്ചിയുണ്ടാക്കി കളിക്കാം

അപ്പോഴും നോട്ടിലെ ഗാന്ധിപ്പടത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്നില്ല, മറഞ്ഞിരുന്നില്ല ആ മന്ദഹാസവും.
 
 
(തുടരും)

രചന : ശിവദാസ് മാസ്റ്റർ പഴമ്പിള്ളി
 

 

No comments:

Post a Comment