WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Sunday, 4 December 2016

ജൈവിക കീട നിയന്ത്രണ മാർഗ്ഗങ്ങൾ (2)(രചന: ശിവദാസ് മാസ്റ്റർ പഴമ്പിള്ളി)


ജൈവിക കീട നിയന്ത്രണ മാർഗ്ഗങ്ങൾ (2)

(രചന: ശിവദാസ് മാസ്റ്റർ പഴമ്പിള്ളി)
 
 
            നമ്മുടെ ഭക്ഷണത്തിൽ പച്ചക്കറികളുടെ പ്രാധാന്യം എല്ലാവർക്കും ബോദ്ധ്യപ്പെട്ടിരിക്കുന്ന കാലഘട്ടമാണ്‌ ഇന്നത്തേത്. നമ്മളിൽ പലരും ചെറിയ തോതിലെങ്കിലും പച്ചക്കറി ചെയ്യുന്നവരാണ്‌. എന്നാൽ അവരിൽ മിക്കവർക്കും ചെയ്യുന്ന കൃഷിയിൽ നിന്നും കാര്യമായ ഫലമൊന്നും കിട്ടാറില്ല എന്നതാണ്‌ വാസ്തവം. കരണം എന്താ? വിത്തു മുളച്ച് ചെടി പുറത്തു വരുമ്പോൾ മുതൽ തുടങ്ങുകയായി വിവിധയിനം കീടങ്ങളുടെ ആക്രമണം, വ്യത്യസ്തയിനം രോഗങ്ങളുടെ രംഗപ്രവേശം. 

 
            പച്ചക്കറികൾക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണല്ലോ മലയാളികൾക്ക്. അവിടെനിന്നും ലഭിക്കുന്ന പച്ചക്കറികളിൽ മാരകമായ അളവിൽ വിഷം അടങ്ങിയിരിക്കുന്നതായുള്ള അറിവ് നമ്മെ ആശങ്കാകുലരാക്കുന്നു. വിഷരഹിതമായ പച്ചക്കറി ലഭിക്കണമെങ്കിൽ നാം തന്നെ അവ ഉല്പാദിക്കണം, അതും നമ്മുടെ വീട്ടുവളപ്പിൽ. അവയുടെ പരിചരണത്തിൽ അമിതമായ രാസവളപ്രയോഗമോ, മാരകമായ വിഷകീടനാശിനികളോ ഉപയോഗിക്കാതിരിക്കണം. ഈ തിരിച്ചറിവ് നമ്മെ ജൈവകൃഷിയിലേക്ക് വഴി നടത്തുന്നു. ജൈവവിക രീതികളിൽ കൃഷി ചെയ്യുക, ജൈവ വളങ്ങൾ മാത്രം ഉപയോഗിക്കുക, കീടാക്രമണങ്ങക്കും രോഗങ്ങൾക്കും എതിരെ ജൈവ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നിവയൊക്കെ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്‌.
            നമ്മുടെ അടുക്കള തോട്ടത്തിൽ സാധാരണ കൃഷി ചെയ്യുന്ന പച്ചക്കറികൾക്ക് ഉണ്ടാകാവുന്ന കീടാക്രമണങ്ങളേയും രോഗങ്ങളെയും നിയന്ത്രിക്കുവാനും അവ വരാതിരിക്കാനുള്ള മുൻ കരുതലുകൾക്കും ആവശ്യമായ ജൈവ കീടനാശിനികൾ നമുക്കു തന്നെ വലിയ ചെലവോ ബുദ്ധിമുട്ടോ  കൂടാതെ  നമ്മുടെ വീട്ടിൽ നിർമ്മിക്കാം. ഏതാനും  ജൈവ കീട നിയന്ത്രണ മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു.

 
 


ജൈവിക കീട നിയന്ത്രണ മാർഗ്ഗങ്ങൾ - ഭാഗം - 2

(രചന: ശിവദാസ് മാസ്റ്റർ പഴമ്പിള്ളി)

അഞ്ചില സത്ത്

ഇല തീനിപ്പുഴുക്കളെ അകറ്റാൻ ഫലപ്രദമായ ജൈവിക കീട നിയന്ത്രണമാർഗ്ഗമാണ്‌ അഞ്ചിലസത്ത്.

ആവശ്യമായ സാധനങ്ങൾ

       1. കാട്ടു തുളസിയില                 100 ഗ്രാം

       2. കപ്പയില                           100ഗ്രാം

       3. പപ്പായയില                       100ഗ്രാം

       4. കുരുമുളകില                       100ഗ്രാം

       5. ചെണ്ടുമല്ലി (ചെട്ടിമല്ലി) ഇല 100ഗ്രാം

       6. വെള്ളം                             1000ഗ്രാം(1ലിറ്റർ)

തയ്യാറാക്കുന്നവിധം

മുകളിൽ പറഞ്ഞ ഇലകൾ ഓരോന്നും 100 ഗ്രാം വീതം എടുത്ത് ചെറിയ കഷ്ണങ്ങളായി നുറുക്കി ഇളം ചൂടുള്ള ഒരു ലിറ്റർ വെള്ളത്തിൽ ഇടുക. 10 മണിക്കൂർ ഇലകൾ അങ്ങനെ വെള്ളത്തിൽ കിടക്കട്ടെ. നിശ്ചിത സമയത്തിനു ശേഷം ഇലകൾ വെള്ളത്തിൽ തന്നെ വെച്ച് ഞെരടി പിഴിഞ്ഞെടുക്കുക. ഇങ്ങനെ കിട്ടുന്ന ലായനി അരിച്ചെടുത്ത് കടും നിറമുള്ള ചില്ലുകുപ്പികളിൽ സൂക്ഷിക്കുക.

പ്രയോഗ രീതി

ആവശ്യമായ അവസരങ്ങളിൽ അഞ്ചിരട്ടി വെള്ളം ചേർത്ത് ഇലകളിൽ തളിക്കുക. ഇലയുടെ എല്ലാ ഭാഗത്തും അഞ്ചിലസത്ത് ലായനി എത്തിയെന്ന് ഉറപ്പാക്കണം. പുഴുക്കൾ തിന്ന ഇലകൾ ഉണ്ടെങ്കിൽ അവ അടർത്തി മാറ്റി കത്തിച്ചുകളഞ്ഞതിനു ശേഷമായിരിക്കണം ലായനി പ്രയോഗം. ചെടിയുടെ മറ്റുഭാഗങ്ങളിലും ഈ ലായനി പ്രയോഗിക്കാവുന്നതാണ്‌.

കുറിപ്പ് : അഞ്ചില സത്ത് ലായനി ഉണ്ടാക്കിയാൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ്‌ ഉത്തമം. ദീർഘകാലം കഴിഞ്ഞാൽ ഗുണം കുറയും.(തുടരും)

No comments:

Post a Comment