WELCOME

WELCOME TO THE WEBSITE OF MASTERJI PAZHAMPILLY SIVADAS
ഏവർക്കും മംഗളാശംസകൾ! *വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക*

Monday 21 April 2014

DO YOU KNOW VRUSHAGIRI വൃഷഗിരി അറിയുമോ? (BY P SIVADAS0


വൃഷഗിരി അറിയുമോ?  

 
കൂട്ടുകാരേ, നിങ്ങൾ വൃഷഗിരി കണ്ടിട്ടുണ്ടൊ? അവിടെ പോയിട്ടുണ്ടൊ? അതൊക്ക പോകട്ടെ, വൃഷഗിരിയെക്കുറിച്ച് കേട്ടിട്ടുണ്ടൊ?  കേരളത്തിൽ വൃഷഗിരി എന്നൊരു സ്ഥലമുണ്ടത്രെ. നിങ്ങൾക്ക് അറിയാമൊ അത് എവിടെ ആണെന്ന്?
നമുക്ക് ഇതുമായി ബന്ധമുള്ള ഒരു ഐതിഹ്യം പരിശോധിക്കാം.


പരശുരാമനെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടില്ലെ. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നാണ്‌ പരശുരാമൻ. വിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്‌ പരശുരാമനെന്ന് കൂട്ടുകാർക്ക് ഓർമ്മയുണ്ടൊ?

ജമദഗ്നി മഹർഷിയുടെയും രേണുകയുടെയും പുത്രനാണ്‌ പരശുരാമൻ. ഭാർഗ്ഗവരാമൻ എന്നു കൂടി അറിയപ്പെടുന്ന പരശുരാമൻ മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ്‌. (മുമ്പുണ്ടായ 5 അവതാരങ്ങളും പിന്നിടുണ്ടായ 4 അവതാരങ്ങളും ഏതൊക്കെയെന്ന് കൂട്ടുകാർ കണ്ടുപിടിക്കുമല്ലൊ.)  

എപ്പോഴും ഒരു ‘വെണ്മഴു’ (പരശു = കോടലി) കൂടെ കൊണ്ടുനടക്കുന്നതിനാൽ ഭാർഗ്ഗവരാമൻ ക്രമേണ പരശുരാമനെന്നു പരക്കെ അറിയപ്പെട്ടു.
പരശുരാമൻ മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്നും വീണ്ടെടുത്തതാണ്‌ കേരളം. ഇതാണ്‌ കേരളോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം.

കേരളം ബ്രാഹ്മണർക്ക് ദാനം ചെയ്ത പരശുരാമൻ പോയത് കൈലാസത്തിലേക്കാണ്‌. കൈലാസത്തിൽ ചെന്ന് പരശുരാമൻ തന്റെ ഗുരുവായ മഹേശ്വരനോട് താൻ കടലിൽ നിന്നും വീ​ണ്ടെടുത്ത കേരളമെന്ന പ്രദേശത്തിന്റെ സംരക്ഷണം സാധിച്ചുതരണം എന്ന് അപേക്ഷിച്ചു. തന്റെ പ്രിയ ശിഷ്യന്റെ അപേക്ഷ സ്വീകരിച്ച് മഹാദേവൻ തന്റെ വാഹനമായ കാളയുടെ പുറത്തു കയറി കേരളത്തിലേക്ക് യാത്രയായി. കേരളത്തിലെത്തി, കേരളത്തിലൂടെ സഞ്ചരിക്കവെ, കാള ഒരു പർവ്വതം കണ്ടു. ഭഗവാന്റെ വാസത്തിന്‌ സുഖസ്ഥാനം ഈ പർവതം തന്നെ യെന്ന് കാള നിശ്ചയിച്ചു. അത് തന്റെ സഞ്ചാരം അവിടെ അവസാനിപ്പിച്ചു. പരമശിവൻ അവിടെ പാർത്ത് കേരളത്തിന്റെ സുരക്ഷ ഉറപ്പുവരുത്തി. കാള കണ്ട ഈ പർവ്വതത്തെയാണ്‌ ‘വൃഷഗിരി’ എന്നു വിളിക്കുന്നത്. വൃഷം എന്നാൽ കാള. ഗിരി എന്നാൽ പർവ്വതം അല്ലെങ്കിൽ കുന്ന്. കാളകണ്ട പർവ്വതം എന്ന അർത്ഥത്തിലാണ്‌ ആ പ്രദേശത്തിന്‌ വൃഷഗിരി എന്ന് പേരുവന്നത്. ഇപ്പോൾ മനസ്സിലായൊ കൂട്ടുകാരേ, ‘വൃഷഗിരി’ എന്ന സ്ഥലം ഏതെന്ന്? ഇല്ലേ, വൃഷഗിരിയാണ്‌ നമ്മുടെ തൃശ്ശിവപേരൂർ. അവിടെയാണല്ലൊ വടക്കുംനാഥനായി മഹേശ്വരൻ വസിച്ച് നമ്മെ സംരക്ഷിക്കുന്നത്.

നാം തൃശ്ശിവപേരൂർ എന്ന പേരിനോട് എന്തെല്ലാം ക്രൂരതകളാണ്‌ കാണിച്ചത്! ഇന്ന് നാം തൃശ്ശിവപേരൂരിനെ ട്രിച്ചൂർ ( ലാലൂരിലെ മാലിന്യകൂമ്പാരത്തിന്റെ ചൂരാണോ എന്നറിയില്ല) ആക്കി, പിന്നീട് തൃശ്ശൂർ ആക്കി, എന്തു തന്നെ ആയാലും ചൂര്‌ (ദുർഗന്ധം) എപ്പോഴും കൂടെതന്നെ നില്ക്കുന്നു വിട്ടുമാറാതെ. നമുക്ക് നല്ലത് നമ്മുടെ ‘തൃശ്ശിവപേരൂർ’ തന്നെയല്ലെ, കൂട്ടുകാരേ. നമ്മുടെ സാംകാരിക പൈതൃകവുമായി ബന്ധപ്പെട്ട, ഭാരതസംസ്കാരത്തിന്റെ സുഗന്ധം പരത്തുന്ന ആ ‘തൃശ്ശിവപേരൂർ’. എഴുതുവാനുനുള്ള സൗകര്യത്തിനായി മഹാത്മാഗാന്ധിയെ എം. ജി. യാക്കുന്ന സ്വഭാവം വെടിയുക, നമ്മുടെ അമ്മയെ മറക്കാതിരിക്കുക. ഭാരതത്തനിമ(കേരളത്തനിമ) കാത്തു സംരക്ഷിക്കുക. പൈതൃകസമ്പത്തിന്റെ മൂല്യം കാണാതെ പോകരുത്, കൂട്ടുകാരേ നമ്മൾ.

No comments:

Post a Comment