വട്ടയില വട്ടികൾ
വിത്തുകൾ പാകി മുളപ്പിച്ച് പിഴുതു നടുക എന്നത് നാം സർവ്വസാധരണമായി സ്വീകരിച്ചു വരുന്ന ഒരു രീതിയാണ്. ഇതിനായി പ്ലാസ്റ്റിക്ക് സീഡിങ് ട്രെ, ഒഴിഞ്ഞ പ്ലാസ്റ്റിക് കവർ, ….. എന്നിവ നാം ഉപയോഗിക്കാറുണ്ട്. പറമ്പിൽ നേരിട്ടു വിത്തുകൾ നട്ടും തൈകൾ തയ്യാറാക്കുക പതിവാണ്. ഈ തൈകൾ പിഴുതു നടുന്ന സമയത്ത്, സീഡിങ് ട്രെ, പ്ലാസ്റ്റിക് കവർ എന്നിവയിൽ നിന്നും തൈകൾ ഇളക്കിയെടുക്കുമ്പേൾ പലപ്പോഴും അവയുടെ വേരിനും തണ്ടിനും ക്ഷതം ഏല്ക്കാറുണ്ട്. ചിലപ്പോൾ തൈ പൂർണ്ണമായും നാശമാകുകയും ചെയ്യാം. പറമ്പിൽ മുളപ്പിച്ച തൈകൾ ഇളക്കിയെടുത്ത് നടുമ്പോഴും ഇത്തരം പ്രശ്നം നേരിടേണ്ടി വരുന്നു. ഇതൊഴിവാക്കാനുള്ള സൂത്രമിതാ.
നമുക്കു തയ്യാറാക്കാം വട്ടയില വട്ടികൾ
ഒരുവട്ടയില എടുത്ത് അതിനെ ഒരു വട്ടിയുടെ (പാത്രത്തിന്റെ) ആകൃതിയിൽ മടക്കുക (കോട്ടുക). മടക്കുകൾ നിവരാതെയിരിക്കുവാൻ ഈർക്കിൽ കഷ്ണങ്ങൾ കുത്തിക്കൊടുക്കുക. ഇത്രയും ചെയ്താൽ വട്ടയില വട്ടിയൊന്ന് തയ്യാറായി. വർത്തമാന പത്ര താളുകൾ ഉപയോഗിച്ചും വട്ടി നിർമ്മാണം നടത്താം.
ഇത്തരം വട്ടികളിൽ മുക്കാൽ ഭാഗം വരെ ചാണകപ്പൊടി, മേൽമണ്ണ്, മണൽ, ചകിരിച്ചോറ് എന്നിവ 1:1:1:1 എന്ന അനുപാതത്തിൽ കലർത്തിയ മിശ്രിതം എടുക്കുക. അതിൽ മുളപ്പിച്ചെടുക്കുവാനുള്ള ഒരു വിത്ത് നടുക. വെള്ളം തളിച്ച് നേരിയ തോതിൽ നനയ്ക്കുക. ഇത്തരം വട്ടികൾ ഇളം വെയിൽ മാത്രം കിട്ടുന്ന സ്ഥലത്ത് സൂക്ഷിക്കുക. വിത്ത് മുളച്ച് നാലില പ്രായമാകുമ്പോൾ സ്ഥിരമായി നടേണ്ട സ്ഥലത്ത് കുഴിയെടുത്ത് അതിൽ വട്ടയില വട്ടിയടക്കം ചെടി നടണം. ചെടി വട്ടയില വട്ടിയിൽ നിന്നും പറിച്ചു മാറ്റേണ്ടതില്ല. ഏതാനും ദിവസം കഴിയുമ്പോൾ വട്ടയില മണ്ണിൽ പൊടിഞ്ഞു ചേർന്നുകൊള്ളും. ഈ ലളിതമായ സൂത്രം ഉപയോഗിച്ചാൽ പറിച്ചു നടീൽ സമയത്ത് ചെടികൾക്കുണ്ടാകുന്ന ക്ഷതവും അതുമൂലമുണ്ടാകുന്ന തൈകളുടെ നഷ്ടവും വളരെ എളുപ്പത്തിൽ ഒഴിവാക്കാം.
എന്താ, ഒന്നു പരീക്ഷിക്കയല്ലേ കൂട്ടുകാരേ........................................................ .
സ്നേഹാശംസകളോടെ,
ശിവദാസ് മാസ്റ്റർ പഴമ്പിള്ളി
No comments:
Post a Comment